Monday, December 31, 2007

എന്റെ 2007



നന്മ്കള്‍ നിറഞ്ഞ ഒരു വര്‍ഷം
സ്നേഹം വന്നു നിറഞ്ഞ ഒരു വര്‍ഷം

അറിവുകള്‍ കൊണ്ടു നിറഞ്ഞ ഒരു വര്‍ഷം

വഴിപോക്കന്റെ കൈയില്‍ തൂങ്ങി ബ്ലോഗിലേക്കു വന്ന ഒരു വര്‍ഷം

ബ്ലോഗില്‍ കൂടെ ഒരുപാട് സുഹ്യത്തുക്കളെ കിട്ടിയ ഒരു വര്‍ഷം

പ്രിയപ്പെട്ട എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം

ആശംസിക്കുന്നു

Saturday, December 15, 2007

ഹൃദയത്തില്‍ പെയ്ത മഴ



രാത്രിമഴയുടെ സംഗീതം എന്നും എനിക്കു ലഹരി ആയിരുന്നു.അതും എന്റെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള നടുമുററത്തേക്കു പെയ്യുന്ന മഴ. പല ഭാവത്തിലും താളത്തിലും വന്നിരുന്ന എല്ലാ മഴകളും എന്നും ഞാന്‍ ഒരുപാടൊരുപാട് ആസ്വദിച്ചിരുന്നു.ചില രാത്രികളില്‍ ഉറങ്ങാതെ മഴ കച്ചേരി കേട്ടു കേട്ടു ഞാന്‍ നേരം വെളുപ്പിച്ചിട്ടുണ്ട്.

എന്റെ പ്രവാസ ജീവിതത്തില്‍ എന്നും എനിക്കു നഷ്ടപ്പെട്ടതും ആ മഴ സംഗീതം മാത്രം.ചില രാത്രികളില്‍ കണ്ണുകള്‍ ഇറുക്കിയടച്ചു നടുമുറ്റത്ത് പെയ്യുന്ന രാത്രിമഴയും അതിലെ സംഗീതവും മനസ്സിലേക്കു കൊണ്ടുവരാന്‍  ശ്രമിക്കാറും, അതു ആസ്വദിക്കാന്‍ കഴിയാറും ഉണ്ട് എന്നുള്ളതും ഒരു സുഖം തന്നെയാണേ.

എത്ര ആര്‍ത്തലച്ച് വരുന്ന മഴയാണങ്കിലും, ഒരു കാറ്റിന്റെ തലോടലില്‍ ആലസ്യം പേറി വരുന്ന മഴയാണങ്കിലും, ഒരു ചാറ്റല്‍ മഴ ആണങ്കിലും എന്റെ നാലുകെട്ടിന്റെ പായല്‍ പിടിച്ച ഓടുകളില്‍ തട്ടിയും തകര പാത്തികളില്‍ കൂടി ഒഴുകിയും നാദ താള ലയങ്ങളോടെ  നടുമുറ്റത്തേക്കു പതിക്കുന്ന ഓരോ മഴത്തുള്ളിയിലും നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന (നില്‍ക്കുന്ന) ആ സംഗീതം ഒരു അത്ഭുതം തന്നെയാണ് .കവിതയും സംഗീതവും പേറി വന്നിരുന്ന മഴകളിൽ മനോഹരമായ പ്രണയവും , സ്നേഹവും ഒക്കെ നിറഞ്ഞു നില്ക്കുന്നതും കണ്ടിട്ടുണ്ട്.എപ്പോഴും മഴയെ കാത്തിരിക്കുന്നത് ഒരു ശീലമായി മാറുകയും ചെയ്തു.

ഈ മരുഭൂമിയില്‍ ഒരിക്കലും എന്റെ നടുമുറ്റവും അവിടെ എത്തിയിരുന്ന , എത്തുന്ന മാസ്മരിക ശക്തിയുള്ള രാത്രി മഴകളും വരില്ല എന്നറിയാമയിരുന്നു എങ്കിലും എന്നും ഞാന്‍ കാത്തിരുന്നു, കാതോര്‍ത്തിരുന്നു;എല്ലായിപ്പോഴും.അത്ഭുതം എന്നല്ലാതെ എന്തു പറയാന്‍, എന്നെ കുളിര്‍കോരിയണിയിപ്പിച്ച എന്റെ മഴസംഗീതത്തിനും അപ്പുറമായി ഒരു അവര്‍ണ്ണനീയ ശബ്ദം(സംഗീതം) എന്നേ തേടിയെത്തി,അതും ഒരു രാത്രിയില്‍.

.ഇതു ആരെങ്കിലും വായിക്കുമെങ്കില്‍ പലര്‍ക്കും നിസ്സാരമായി തോന്നുമായിരിക്കാം.എന്നാല്‍ വെറും ഒരു സാധാരണ വീട്ടമ്മ മാത്രമായ എനിക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം തന്നെയാണ്.

 / ദിവസം ഇതായിരുന്നു.2004 ഒക്ടോബര്‍ 8. സമയം 8.25 രാത്രി എന്റെ പ്രിയപ്പെട്ട കവി ശ്രീ കൈതപ്രം തിരുമേനി എന്റെ ഫോണിലേക്ക് കേരളത്തിൽ നിന്നും വിളിക്കുകയും പതിനഞ്ചു മിനിിറ്റോളം അദ്ദേഹവുമായും ഭാര്യ ദേവിയുമായും സംസാരിക്കാനുള്ള അവസരം എനിക്ക് തരികയും ചെയ്തു.ആ ധന്യ നിമിഷം.... വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു .

അദ്ദേഹം എന്നെ വിളിക്കാനുണ്ടായ കാരണം ഞാന്‍ അദ്ദേഹത്തിനയച്ച ഒരു കത്താണ്.ആ കത്തെഴുതാന്‍ എനിക്കു പ്രചോദനമായത് അദ്ദേഹത്തിന്റെ ഒരു കവിതയും. 2004 ലെ ഓണ സമയത്ത് അത്തം മുതല്‍ പത്തു ദിവസം തിരുമേനി ജീവന്‍ റ്റിവിയില്‍ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. അതില്‍ ഒരു ദിവസത്തെ കവിത ‘വിന്ധ്യാവലി’ എന്നതായിരുന്നു. തിരുമേനിക്കല്ലതെ ആര്‍ക്ക് ഇങ്ങനെ ഒരു കവിത നമ്മള്‍ക്കു തരാന്‍ പറ്റും എന്നു ഓര്‍ത്തപ്പോള്‍ കാണിച്ച ഒരു സാഹസം ആയിരുന്നു ആ കത്തെഴുത്ത്. അഡ്രസ്സ് ഒന്നും അറീയില്ലായിരുന്ന.കേരളത്തില്‍ എത്തിയാല്‍ അതു അദ്ദേഹത്തിനു കിട്ടും എന്നറിയാമായിരുന്നു. കിട്ടി !

എന്റെ മനസ്സില്‍ മായാതെ കിടക്കുന്ന അതിലെ വരികള്‍ ശ്രീ കൈതപ്രം തിരുമേനിയോടു കടപ്പാട് അറിയിച്ചു കൊണ്ട് ഇവിടെ എഴുതട്ടെ.



വിന്ധ്യാവലി

മുനിമാര്‍ക്കുപോലുമുണ്ട് ആശ്രമ പത്നിമാര്‍
മാനവരെല്ലാരും ഒന്നുപോല്‍ വാഴ്ത്തിയ
മാവേലി മന്നനുമുണ്ടൊരു മഹാറാണി,
റാണി വിന്ധ്യാവലി..റാണി വിന്ധ്യാവലി.

മാനുഷരെല്ലാരും ഒന്നുപോല്‍ വാഴ്ത്തിയ
മാവേലി മന്നനും ഉണ്ടൊരു മഹാറാണി,
ആരോരുമറിയാത്ത വിന്ധ്യാവലി
ഭാരത സ്ത്രി രത്നമെന്നു പുകള്‍പെറ്റ
നിത്യ സതീരത്നമായ് വിന്ധ്യാവലി..

പ്രണയ പര്‍വങ്ങള്‍ പരത്തി പറയുവാന്‍
പുണ്യപുരാണത്തിലായിരമേടുകള്‍
എങ്കിലും എപ്പോഴും മാവേലി മന്നന്‍
ഈ മലയാളമണ്ണിലെഴുന്നെള്ളുന്നത്
ഏകനായ് എന്നും ഏകനായ് മാത്രം.

അര്‍ദ്ധനാരീശ്വര കലപനാ വൈഭവം
കവിതയില്‍ വിളമ്പുന്ന കവി വര്യരേ
നിങ്ങള്‍ മാവേലി മന്നന്റെ പാതി മെയ്യാം സഖി
വിന്ധ്യാവലിയെ മറന്നതെന്തേ..
വിന്ധ്യാവലിയെ മറന്നതെന്തേ??

Tuesday, November 6, 2007

അച്ചായന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്..



അമ്മച്ചി മരിച്ചു...
ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കും വയ്യാഴികള്‍ക്കും മോചനം കിട്ടി..
എന്നാലും അമ്മാമാരുടെ വേര്‍പാട് എല്ലാ മക്കള്‍ക്കും ദു:ഖം തന്നെയാണ്.
മനസ്സോടെ അല്ലെങ്കിലും ചില സാഹചര്യങ്ങള്‍ മാനിച്ച് അമ്മച്ചിയെ തണുത്തു
മരവിച്ച മുറിയില്‍ കിടത്തിയിട്ട് അതിനേക്കാള്‍ മരവിച്ച മനസ്സുമായി
പ്രിയപ്പെട്ടവരെല്ലാം കുടുംബ വീട്ടിലേക്ക് മടങ്ങി.

മരണ വീടുകളില്‍ സമയം തനിയെ നീങ്ങില്ലല്ലോ, തള്ളിനീക്കുകയല്ലേ ?
ദു:ഖിതരായ മക്കളും മരുമക്കളും ചെറുമക്കളും ബന്ധുക്കളും തണുത്ത മനസ്സുമായി വീടിന്റെ പലഭാഗങ്ങളിലും ഇരിക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട്. രാത്രി ആയതിനാല്‍ പലരും മയക്കത്തിലും, മറ്റു ചിലര്‍ നല്ല ഉറക്കത്തിലുമായിരുന്നു..

വര്‍ഷങ്ങള്‍ക്കു ശേഷം അമ്മച്ചിടെ മക്കള്‍ എല്ലാവരും ഒത്തുകൂടിയ രാത്രി കൂടിയായിരുന്നു അത്.കാലങ്ങാളായി എല്ലാവരും പറയാന്‍ വെമ്പിനിന്നിരുന്ന കഥകളും കാര്യങ്ങളും അവരവരുടെ കഴിവുകള്‍ അനുസരിച്ച് വിവരിച്ചുകൊണ്ടേയിരുന്നു..
ആ സ്നേഹനിധികളായ മക്കള്‍,അവരവരുടെ അനുഭവങ്ങള്‍ അയവിറക്കികൊണ്ടിരുന്നു.സംസാരം ഒരുപാടു വിഷയങ്ങളിലേക്കെല്ലാം പോയി.

സമയം രണ്ടു മണിയോളമെത്തി..
അകത്തെ മുറിയില്‍ ചെറിയ മയക്കത്തിലായിരുന്ന മൂത്ത ചേട്ടത്തി അതി ഭയങ്കരമായ ഒരു കൂട്ടച്ചിരി കേട്ടു ചാടിയെണീറ്റു,സ്വപ്നമാണോ,ശരിക്കും കേട്ടതാണോ എന്ന സംശയത്തോടെ അമ്മച്ചിയുടെ പ്രിയ മക്കള്‍ ഇരുന്ന മുറിയിലേക്കു വന്നപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു..!

അമ്മച്ചിടെ പ്രിയപ്പെട്ട ആണ്മക്കളും പൊന്നോമന മോളുംകൂടെ തലയും കുത്തിക്കിടന്നു ചിരിക്കുന്ന കാഴ്ച കണ്ട്, ചേട്ടത്തി സങ്കടം കൊണ്ടുണ്ടായ ദേഷ്യത്തില്‍ ഒറ്റ അലറല്‍.

“നിങ്ങള്‍ക്കൊക്കെ എന്തിന്റെ അസുഖമാ‍..? നാട്ടാരെന്തു വിചാരിക്കും? , ഇതൊരു മരണം നടന്ന വീടാണ്.”

പെട്ടന്ന് എന്തോ ഓര്‍മ്മ തിരികെ വന്നപോലെ എല്ലാവരും നിശ്ശബ്ദരായി. എങ്കിലും ഒരു മുഖങ്ങളിലും ചിരി പൂര്‍ണ്ണമായി പോയിരുന്നില്ല, എന്നു മാത്രമല്ല പോയ ചിരി എപ്പോള്‍ വേണമെങ്കിലും വീണ്ടും ശക്തിയായി തിരിച്ചു വരാമന്നുള്ള ഭാവവും .

മരണ വീട്ടില്‍ കൂട്ടച്ചിരി ഉണ്ടായാല്‍ മരിച്ച ആത്മാവിനു മോക്ഷം കിട്ടുമെന്ന് ഒരു വിശ്വാസം ഉണ്ട്, അപ്പോള്‍ ചിരിച്ചതു മക്കള്‍ തന്നെയാ‍യലോ ? അമ്മച്ചിയുടെ ആത്മാവിനു മോചനം കൊടുത്ത ആ പൊട്ടിച്ചിരിയുടെ പിന്നില്‍ ആരായിരുന്നു, എന്തായിരുന്നു ? എനിക്കും ആകാംക്ഷ ഉണ്ടായി.

അപ്പോഴാണ് ചേട്ടന്മാരുടെ പുന്നാ‍ര പെങ്ങള്‍,നിര്‍മ്മല ആ സംഭവം കരഞ്ഞും ചിരിച്ചും കൊണ്ട് എനിക്കു പറഞ്ഞു തന്നത് ; ഒരു ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിന്റെ കഥ.

മക്കളെയൊക്കെ കയ്യെത്താ ദൂരത്തു നിറഞ്ഞ വിശ്വാസത്തോടെ ഉന്നത വിദ്യാഭ്യാസത്തിനു കൊണ്ടാക്കിയ അപ്പന്മാര്‍..
ലഹരി മൂത്ത എതോ ഒരു നിമിഷത്തില്‍ അപ്പനും വല്യപ്പനും , തങ്ങളുടെ പുത്രന്മാരിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടിയതായി തോന്നി. മക്കളെ നേരിട്ട് പോയി നോക്കിയാലോ എന്നായി രണ്ടാള്‍ക്കും.
ലഹരിയില്‍ എടുത്ത തീരുമാനം പാറപോലെ ഉറച്ചു നിന്നു. ഉടനെ യാത്ര തിരിക്കുകയും ചെയ്തു.

രണ്ടു ദിവസത്തെ നീണ്ട യാത്രക്കു ശേഷം ഒരു നട്ടുച്ച നേരത്ത് മക്കളുടെ താവളത്തില്‍ എത്തിയ അവര്‍ കണ്ട കാഴ്ച മനോഹരമായിരുന്നു. ഭാവി വാഗ്ദാനങ്ങളുടെ ഒരു പ്രതിഭാ സംഗമം തന്നെ പ്രതീക്ഷിച്ചു ചെന്ന അവര്‍ക്ക് ഒട്ടും നിരാശ ഉണ്ടായില്ല !! പ്രതിഭകള്‍ നട്ടുച്ച നേരത്തും കിടക്കപ്പായില്‍ തന്നെ..!!
എന്തൊരു കൂട്ടായ്മ..സ്വന്തം മക്കള്‍ ഉള്‍പ്പടെ ആ കുരുന്നു മനസ്സുകളെ ഒരു വിധത്തിലും ശല്യപ്പെടുത്തുവാനാകാതെ അപ്പന്മാര്‍ അവരുടെ പൂര്‍വ്വകാല സുഹ്യത്തിന്റെ വീട്ടിലേക്കു ചേക്കേറി..

അവിടെകിട്ടിയ സ്വീകരണമോ, ലോകത്ത് ഒരു സുഹ്യത്തുക്കള്‍ക്കും കിട്ടാ‍ത്തയത്ര സന്തോഷത്തോടെയുള്ളതായിരുന്നു..
‘ഇവന് ഇതെന്തുപറ്റി’ എന്നുള്ള ചെറിയ സംശയം ആ അപ്പന്മാര്‍ക്കും ഉണ്ടാകാതിരുന്നില്ല.എല്ലാ സംശയങ്ങളും ക്രമേണ മാറ്റാമെന്നുള്ള ആത്മവിശ്വാസത്തോടേ അവര്‍ സ്വീകരണ മുറിയിലേക്കു കയറി.

പക്ഷെ വീടിന്റെ അന്തരീക്ഷം അവരുടെ സംശയത്തിനു ആക്കം കൂട്ടി. ഇത്ര മനോഹരമാക്കിയിട്ടിട്ടുള്ളൊരു വിടുണ്ടോ എന്നു പലപ്പോഴും തോന്നിച്ചിട്ടുള്ള ആ സുന്ദരഭവനത്തിന്റെ സ്വീ‍കരണ മുറിയില്‍ തന്നെയണോ തങ്ങള്‍ നില്‍ക്കുന്നതെന്ന് തോന്നി രണ്ടാള്‍ക്കും. അടി വസ്ത്രങ്ങള്‍ മുതല്‍ അലങ്കാര വസ്ത്രങ്ങള്‍ വരെ കൊണ്ടലങ്കരിച്ചിരിക്കുന്ന സോഫകള്‍, കസേരകള്‍,കതകുകള്‍.ദിവസങ്ങള്‍ പോയതറിയാതെ നീണ്ടും,നിവര്‍ന്നും,ചുരുണ്ടും,കുനിഞ്ഞും കിടക്കുന്ന പത്ര മാസികകള്‍,തപാ‍ല്‍ സന്ദേശങ്ങള്‍.സുഗന്ധം പരത്തുന്ന തിരികള്‍ മാത്രം കത്തി നിന്നിരുന്ന മെഴുകുതിരിക്കാലുകളില്‍ പഴത്തൊലികള്‍ അഭിമാ‍നത്തോടെ തൂങ്ങിക്കിടക്കുന്നു..

പക്ഷെ ഇതുവരെ ആ വീട്ടില്‍ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച അന്നവിടെ കണ്ടു..ഏതു സമയത്തും ആര്‍ക്കും ഉപയോഗിക്കാവുന്ന
സൌകര്യത്തില്‍ ലഹരി നുരയുന്ന മദ്യ കുപ്പികള്‍..!, അതിനു വേണ്ട അനുബന്ധ സാമഗ്രികളും. ഒന്നും മനസിലാകതെ അന്തം
വിട്ട് കുന്തം വിഴുങ്ങി നിന്ന അവരോട്, സുഹ്യത്തു നിറഞ്ഞു തുളുമ്പുന്ന അനന്ദത്തോടെ പറഞ്ഞു..

“സ്വാഗതം ..സ്വാഗതം ! കുളിച്ചു വേഷം മാറി വരൂ..നമുക്കാഹ്ലാദിക്കാം.., അനന്ദിക്കാം..അര്‍ത്തുല്ലസിക്കാം..!!”

കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തി കൊടുക്കാതെ ആ നല്ല ദിവസം ആസ്വദിക്കാന്‍ അവര്‍ സഭ ആരംഭിച്ചു..!

കുടിയും, വലിയും , തീറ്റയും , ചീട്ടുകളിയും , പോഴത്തം പറച്ചിലും, വീരവാദവും എല്ലാമായി നേരം പാതിരാവായി. ലഹരി അതിന്റെ പരമകോടിയിലെത്തിയപ്പോള്‍ ആതിഥേയന്‍ പൊട്ടിക്കരഞ്ഞു, പിന്നെ ഒറ്റ ചോദ്യം..

“ നിങ്ങള്‍ എന്നെ വഞ്ചിക്കുകയായിരുന്നു..!
.....എന്നെ സംശയിച്ചു കൊണ്ടല്ലേ ഇതുവരെ എന്റെ കൂടെയിരുന്നത് ? ..അല്ലെ? “

രണ്ടുപേരും ഒരുപോലെ പറഞ്ഞു .. “ അതെ”

“എന്നാല്‍ കേട്ടോളു..സംശയങ്ങളെല്ലാം തീര്‍ത്ത് തെളിഞ്ഞ മനസോടെ ഉറങ്ങാന്‍ പോകാവു..,“

ഒരു ചെറിയ മൌനത്തിനു ശേഷം സുഹ്യത്തു തുടര്‍ന്നു .. “ ..എന്റെ ഭാര്യ..”
പിന്നെ ഒരു ശക്തികൂടിയ കരച്ചിലായിരുന്നു.. ആകെ വിഷമത്തിലായ അതിഥികളിലൊരാള്‍ ചോദിച്ചു..

“അയ്യോ..ഭാര്യക്ക് വല്ല അസുഖമോ,അപകടമോ..?”

നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അയാള്‍ കൂട്ടുകാരന്മാരെ നോക്കി, ‘ആശിപ്പിക്കല്ലേ..‘ എന്നുപറയുന്ന പോലെ,സംസാരം
തുടര്‍ന്നു..

“കഴിഞ്ഞ മുപ്പതു വര്‍ഷത്തെ കണ്ണുനീരിനും, പ്രാര്‍ത്ഥനക്കും ഫലമുണ്ടായി..കര്‍ത്താവ് അനുഗ്രഹിച്ചു. എന്റെ ഭാര്യ അവളുടെ
അമ്മച്ചിയെ നോക്കാന്‍ ആറുമാസത്തേക്കു നാട്ടില്‍ പോയി..പൊന്നുതമ്പുരാന്‍ അനുവദിച്ചു തന്ന സമയം, വിനീത വിധേയ
ദാസനായ ഞാന്‍, ആഘോഷത്തോടെ അനുസരിച്ചു കൊണ്ടിരിക്കുകയാണ് സുഹ്യത്തുക്കളെ..ഈ കണ്ണുനീര്‍ സന്തോഷത്തിന്റെയാണ്, എന്റെ കര്‍ത്താവിനോടുള്ള നന്ദിയാണ്...എനിക്കു തന്ന ഈ സന്തോഷം പാ‍പികളായ ഭര്‍ത്താക്കന്മാര്‍ക്കെല്ലാം കഴിയുന്നത്ര ഞാന്‍ പങ്കുവെച്ചു കൊടുത്തു...ഇപ്പൊഴും കൊടുത്തുകൊണ്ടിരിക്കുന്നു. അതിന്റെ ശേഷിപ്പുകളാണ് ഈ വീട്ടില്‍ കാണുന്നത്..”

സംശങ്ങളെല്ലാം മാറി..തെളിഞ്ഞ മനസ്സും,ഉറക്കാത്ത കാലുകളുമായി എല്ലാവരും ഉറങ്ങാനായി പോയി..എല്ലാവര്‍ക്കും കട്ടിലില്‍
വീണ ഓര്‍മ്മ മാത്രം...

അതിഥി സുഹ്യത്തുക്കളില്‍ ഇളയ ആളിന് ആതിഥേയന്റെ കിടപ്പു മുറിയാണ് നല്കിയിരുന്നത്. ഉറക്കത്തിനിടയില്‍ എപ്പോഴോ
കട്ടിലിനു വെല്ലാത്ത ചലനം തോന്നി. ഉറക്കത്തിന്റെയണോ, ലഹരിയുടെയണോ.. ആകെ അസ്വസ്തത തോന്നിയ സുഹ്യത്ത്
പാതി കണ്ണു തുറന്നു നോക്കിയപ്പോള്‍, മുറിയിലെ അരണ്ട വെളിച്ചത്തില്‍ കണ്ടത് അതിഭയാനകമായ കാഴ്ചായാണ്..
തന്റെ കാല്‍ ഭാഗത്ത് കര്‍ത്താവു തമ്പുരാന്‍ കുരിശോടെ വന്നു നില്‍ക്കുന്നു..ആ കിടന്ന കിടപ്പില്‍ ആലോചിക്കാന്‍ പാ‍ടില്ലത്തത്
എല്ലാം ആലോചിച്ചു.

‘എങ്ങ് ഉയര്‍ത്തെഴുന്നേറ്റു എന്നൊക്കെ ആരാ നുണ പറ‍ഞ്ഞത് ? ഈസ്റ്റര്‍ എന്നും പറഞ്ഞ് എന്തുമാത്രം കള്ളു കുടിച്ചു, എത്ര
പോത്ത്, കാള, ആട്,കോഴി, പന്നി എല്ലാത്തിനേയും തിന്നു തീര്‍ത്തു..എന്റെ കര്‍ത്താവെ അങ്ങ് ഇപ്പോഴും അവിടെ തന്നെ
കിടക്കുവണോ? അങ്ങയുടെ ഉയര്‍പ്പ് ഒരു നുണ പ്രചരണമാരുന്നോ? എന്തിനാണ് എന്റെ മുന്നില്‍ വന്നത്?..കൂടെ ഉണ്ടായിരുന്ന കള്ളന്മാരെ കാണുന്നുമില്ല..ഒന്നും മനസ്സിലാകുന്നില്ലല്ലോ..എന്നെ കൂടെ കൊണ്ടു പോകാനാണോ?’ ചിന്തകള്‍ ഇങ്ങനെ ഒരുണ്ടുകൂടി..കൂട്ടത്തില്‍ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങള്‍ നീണ്ട നിരയായി മനസ്സില്‍ മറിഞ്ഞു വന്നു.മരണ ഭീതിയില്‍ ഉണ്ടാ‍യ എതോ ശബ്ദങ്ങള്‍ കേട്ടിട്ടാവണം പെട്ടന്നെ മുറിയില്‍ വെട്ടം പരന്നു..വിയര്‍പ്പില്‍ കുളിച്ചു കിടന്ന അനുജനെ ചേട്ടന്‍ തട്ടിയുണര്‍ത്തി..

“എന്താടാ..എന്തു പറ്റി..?”
ഒരു അലറല്‍ കൂടി അനിയന്‍ സാധിച്ചു.. ”അയ്യോ..അതാരാ..? കണ്ടില്ലെ..കണ്ടില്ലേ..? അവിടെ നില്‍ക്കുന്നതാരാ?”

അപ്പോഴാണ് ചേട്ടനും ശ്രദ്ധിക്കുന്നത്..കട്ടിലിന്റെ താഴെ ഭാ‍ഗത്ത് കസേരയില്‍ കയറി കൈ ഇരു വശത്തേക്കും നീട്ടി ആരോ
നില്‍ക്കുന്നു. പെട്ടന്ന് ഒരു വളിച്ച മുഖത്തോടെ ആ രൂപം താഴേക്കു വന്നു. ആളിനെ മനസിലായപ്പോള്‍ അതിഥികള്‍ രണ്ടുപേരും
ഒന്നിച്ചു ഞെട്ടി.; ആതിഥേയന്‍ ആയിരുന്നു അത്..

ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ കുപ്പി കണക്കിനു വെള്ളം അകത്താക്കി തിരിച്ചു വന്ന സുഹ്യത്ത് ഗ്യഹനാഥനോടു
ചോദിച്ചു.

“എന്തിന്റെ സൂക്കേടാ നിനക്ക് ,,,ആളെ പേടിപ്പിച്ചു കൊല്ലുന്നോ,,?“

ചമ്മിയ മുഖത്തോടെ നടന്നതു പറയാന്‍ തുടങ്ങി ഗ്യഹനാഥന്‍.

“ഉറങ്ങാന്‍ തുടങ്ങിയപ്പോളാണ് പെട്ടന്ന് ഒരു കാര്യം ഓര്‍മ്മ വന്നത്. നാട്ടില്‍ പോകാന്‍ പെട്ടി പായ്കു ചെയ്യുമ്പോള്‍ സാരിയെല്ലാം
മറക്കാതെ എടുത്തു വെക്കണം എന്ന് അവള്‍ എന്നോടെ പറഞ്ഞിരുന്നു. എടുത്തു വെച്ചോ ..അതോ മറന്നോ? മറന്നെങ്കില്‍
അതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തപ്പോള്‍ ഉറക്കവും പൊയി, കുടിച്ച കള്ളിന്റെ ഫിറ്റും ഇറങ്ങി.. ഇപ്പോള്‍ തന്നെ സംശയം തീര്‍ത്തിട്ട് മനസ്സമാധാനമയി കിടക്കാമല്ലോ എന്നെ വിചാരിച്ചാ..”

ദേഷ്യം പിടിച്ച അതിഥികള്‍ ചൂടായി..
“ഇതുവരെ പറഞ്ഞതും ഇവിടെ ഇപ്പോള്‍ നടന്നതും തമ്മില്‍ എന്താ ബന്ധം.? ആകെയുള്ളത് നീയും ഞങ്ങളും ഉറങ്ങിയില്ലന്നുള്ളതാണ്..”

“..ബന്ധമുണ്ട്..ഈ കട്ടിലിന്റെ മുകളിലുള്ള തട്ടിലാണു അവളുടെ സാരി പെട്ടി സൂക്ഷിച്ചിരിക്കുന്നത് ..ആ പെട്ടി നോക്കാനായി
കയറിയതാണു ഞാന്‍..അതാണു നിങ്ങള്‍ കണ്ടത്...” വിഷമത്തോടെ ഗ്യഹനാഥന്‍ പറഞ്ഞു നിര്‍ത്തി.

കള്ളിന്റെ ലഹരിയില്‍ കണ്ണു തുറന്നു സുഹ്യത്തുക്കള്‍ കണ്ട വിശ്വരൂപം അതായിരുന്നു.!!!

ഇത്രയും വിവരിച്ചു കൊണ്ട് ചേട്ടന്‍, അനിയത്തിയോട് പറയുകയാണ്..

“..ഇഷ്ടം പോലെ കള്ള് അകത്തായതു കൊണ്ട് എന്റെ മോളെ, നിനക്കു ഈ അച്ചായനെ വീണ്ടും കാണാന്‍ പറ്റി,പേടിച്ചു
ചാകാതെ.. കള്ളു ജീവന്‍ രക്ഷിച്ചു..!”

ആ കൂട്ടച്ചിരിയുടെ പിന്നിലെ സംഭവം ഇതായിരുന്നു ; അച്ചായന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ..!!

മദ്യപാനം ജീവന്‍ അപഹരിക്കും എന്നു കേട്ടിട്ടുണ്ട്. മദ്യം ജീ‍വന്‍ നിലനിര്‍ത്തും എന്നു ഇപ്പോള്‍ കേട്ടു..!! പുതിയ പുതിയ ഓരോരോ അറിവുകള്‍ വരുന്ന വഴിയെ..!!!

സമര്‍പ്പണം....
ജീവിത യാത്രയില്‍ എല്ലാ സന്തോഷങ്ങളും, സങ്കടങ്ങളും പങ്കുവെക്കുവാന്‍ കിട്ടിയ എന്റെ പ്രിയ സുഹ്യത്ത്, നിര്‍മ്മലക്ക്....

Tuesday, October 2, 2007

മുഖഛായകള്‍













..ഒരു ജനക്കൂട്ടം തന്നെ അവിടെ ഒത്തുകൂടിയിരിക്കുന്നു,
മുഖങ്ങളിലൊന്നിലും ഛായകള്‍ ഇല്ലാതെ..ശൂന്യമായ മുഖങ്ങള്‍ !!
ഛായകള്‍ മാത്രമവിടെ കൂനയായി കിടന്നിരുന്നു.അവനവന്റെ അല്ലെങ്കില്‍ അവനവനു യോജിച്ച ഛായകള്‍ തിരഞ്ഞു തിരഞ്ഞ് എല്ലാവരും വളരെ ക്ഷീണിച്ചിരിക്കുന്നു.ആര്‍ക്കും അവരവര്‍ക്കു യോജിച്ച ഒരു ഛായ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല !

വ്യക്തമായ മുഖഛായ ഉള്ള ഒരാള്‍ അപ്പോള്‍ അവിടേക്കു കടന്നു വന്നു.സ്വതസിദ്ധമായ ചെറുചിരിയോടെ അദ്ദേഹം ആ ജനക്കൂട്ടത്തെ വെറുതേ നൊക്കിക്കൊണ്ടു നിന്നു.കൂട്ടം കൂടി നിന്നിരുന്നവര്‍ ഒന്നായി ചോദിച്ചു
"അങ്ങ് ആരാണ്?"
സുന്ദരമായ ആ ചിരി നിലനിര്‍ത്തിക്കൊണ്ടു തന്നെ അദ്ദേഹം ചോദിച്ചു
'വ്യക്തമായ മുഖഛായയുള്ള എന്നെ നിങ്ങള്‍ അറിയുന്നില്ല,പിന്നെ എങ്ങനെയാണ് ഛായകള്‍ ഒന്നും തന്നെയില്ലാത്ത നിങ്ങളെ പരസ്പരം തിരിച്ചറിയുന്നത് ?. ഒരു നിമിഷം നിങ്ങളെല്ലാവരും എന്നോട് മനസ്സു തുറന്നു സംസാരിച്ചാല്‍ നിങ്ങള്‍ക്കോരോത്തര്‍ക്കും യോജിച്ച മുഖഛായകള്‍ ഞാന്‍ ഇതില്‍ നിന്നും എടുത്തു തരാം‘

ഒരു നിമിഷം എല്ലാവരും ചിന്തയിലാണ്ടു.
പിന്നെ..
മുഖഛായകള്‍ എല്ലാമവിടെ തന്നെ ഉപേക്ഷിച്ച്, പല വഴിക്കു പോയി.. പൊയ് മുഖങ്ങളോടെ...!!

ഒരു കൊച്ചു കുട്ടി മാത്രം പോകാതെ അവിടെ തന്നെ നില്ക്കുന്നതദ്ദേഹം കണ്ടു, നിഷ്കളങ്കമായ മുഖഛായയോടു കൂടി.. പെട്ടന്നു അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു കൊണ്ട് കുട്ടി അതിശയത്തോടെ ചോദിച്ചു.
"കാണുന്നവരുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന, സുന്ദരമയി എപ്പോഴും പുഞ്ചിരിക്കുന്ന ,എല്ലാ മുഖഛായകളും തിരിച്ചറിയാന്‍ കഴിയുന്ന, അങ്ങാരാ മഹാത്മാവേ?"

അദ്ദേഹം പറഞ്ഞു
'സ്വയം തിരിച്ചറിയാന്‍ ഞാന്‍ സഹായിച്ചവരെല്ലാമെന്നെ 'ഗുരുജി' എന്നു വിളിച്ചു.‘

അതിശയത്തോടെ ആ മുഖത്തേക്കു തന്നെ നോക്കി നിന്ന കുട്ടിയോട് ഗുരുജി ചോദിച്ചു
‘എന്താണു കുട്ടീ നിനക്ക് അറിയേണ്ടത്?‘
നന്മ മാത്രം നിറഞ്ഞ മനസ്സോടെ കുട്ടി ചൊദിച്ചു
" ശരിയായ മുഖഛായകള്‍ തിരഞ്ഞു പിടിച്ചു കൊടുക്കുന്ന ആ മഹാവിദ്യ എനിക്കു കൂടി പറഞ്ഞു തരുമോ ഗുരുജീ".

കുറച്ചു സമയം ആ കണ്ണുകളിലേക്കു നൊക്കിയിരുന്നിട്ടദ്ദേഹം പറഞ്ഞു
'മനസ്സിലെ കുട്ടിത്തം പോകതെ സൂക്ഷിക്കൂ..,അപ്പോള്‍ മനസ്സിലെ നന്മയും ഒരിക്കലും നഷ്ടപ്പെടില്ല, നിന്റെ മുഖഛയ നഷ്ടപ്പെടാതെയുമിരിക്കും മറ്റു ഛായകള്‍ കണ്ടെത്താനും കഴിയും. അതു മഹാവിദ്യ ഒന്നും അല്ല കുട്ടീ.'

"പിന്നെ എന്തേ ഗുരുജീ ആ കൂട്ടത്തില്‍ ഒരാള്‍ പോലും മുഖഛായ വേണം എന്നു പറയാഞ്ഞത്?"
‘ഇന്നലകള്‍ വ്യര്‍തഥമായിരുന്നു എന്നു തോന്നുന്ന നാള്‍,ഇന്നിനെ ഉത്‍സവമാക്കണം എന്നു തോന്നുന്ന നാള്‍.. അവരെല്ലാം നമ്മളെ പോലെയുള്ളവരെ തേടി വരും,തനിയെ വന്നു കൊള്ളും,കൊണ്ടു വരാന്‍ ശ്രമിച്ച് നമ്മുടെ ഛായകള്‍ നഷ്ടപ്പെട്ടു പോകാതെ ശ്രദ്ധിക്കണം.’

ആ വിരല്‍തുമ്പില്‍‍ തൂങ്ങി കുട്ടിയും അദ്ദേഹത്തിനൊപ്പം നടന്നു..

Monday, September 24, 2007

കുഞ്ഞു കഥ.


എന്റെ'മീനു' വായിച്ച് മനസ്സില്‍ നേരിയ വേദന തോന്നിയ മീനുവിന്റെ അമ്മക്കും,നിഷ്കളങ്കമായ കണ്ണുകളോടെ ഈ ലോകത്തിലേക്കു നോക്കുന്ന എന്റെ മീനുവിനും,
എല്ലാ മക്കള്‍ക്കും വേണ്ടി......
ഈ കഥക്കു ഞാന്‍ ആരോടൊ കടപ്പെട്ടിരിക്കുന്നു.....
ഓര്‍മ്മ വരുന്നില്ല.

കാക്കകള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ബന്ധമുണ്ടന്നു ഒരു കുട്ടി കണ്ടു പിടിച്ചു.
ഒരേ ദിവസം ജനിച്ചവര്‍.

ആകാശത്തില്‍ മേഘവും മഴവില്ലും തമ്മില്‍ സൌന്ദര്യത്തെ ചൊല്ലി വഴക്കുണ്ടായി.അടി പിടി ആയി.
വഴക്കുതീര്‍ക്കാന്‍ ദൈവം ആവുന്നതും ശ്രമിച്ചു.എന്നിട്ടും പൊരിഞ്ഞയടി..സഹികെട്ട ദൈവം, ശപിച്ചു.
"ഭൂമിയിലേക്ക് പൊയ്ക്കോളീന്‍.."

ഭൂമിയിലേക്കു പതിക്കുബോള്‍ മേഘം പൊടിഞ്ഞു കാക്കകള്‍ ആയി,മഴവില്ലു പൊടിഞ്ഞു ചിത്രശലഭങ്ങളും..
വ്യത്തിയും, സൌന്ദര്യവും ഭൂമിയ്ക്ക് നല്കിക്കൊണ്ട് അവര്‍ ഇവിടെയിങ്ങനെ പറന്നു നടക്കുന്നു.

Wednesday, September 19, 2007

മീനു




..അറിയില്ലേ? ഒരു ചുള്ളത്തിയാ.
നിഷ്കളങ്കമായ കണ്ണുള്ളവള്‍. ചെറുചിരിയോടെ എല്ലാവരുടേയും മനസ്സിനു സന്തോഷം മാത്രം തരുന്ന മൂന്നു വയസ്സുകാരി.

കഴിഞ്ഞ ശനിയാഴ്ച് വൈകിട്ടു ചായകുടിച്ചു കൊണ്ടിരിക്കയായിരുന്നു.വീട്ടില്‍ എല്ലാവരും ഉണ്ട്.കുട്ടികള്‍  ടിവി കാണലും നാശം കാണിക്കലും കൂട്ടത്തില്‍ ചിപ്സ്,ചീസ് ബോള്‍സ് ഇവ തീറ്റയും,തിന്നുന്നതില്‍ കൂടുതല്‍ താഴെ ഇടുകയുംഅമ്മമാര്‍ അതൊന്നുമേ കാര്യമാക്കാതെ പരദൂഷണത്തില്‍ മുഴുകിയിരിക്കുന്നു.അപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് ഒരുഅതിഥി വന്നു..
ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ബഷീര്‍.
നോമ്പുകാലമല്ലേ..,അതറിയാവുന്നതു കൊണ്ട് ആരും കഴിക്കാനോ കുടിക്കാനോ ഒന്നും വേണോ എന്നും ചോദിച്ചും ഇല്ല. അതിഥി ദേവോഭവ എന്നതിന്റെ അര്‍തഥം ഒന്നുംമറിഞ്ഞു കൊണ്ടല്ലങ്കിലും മീനു അവളുടെ കൈയിലുണ്ടായിരുന്ന ചീസ് ബോള്‍ ഒരെണ്ണം ബഷീറിനു നേരെനീട്ടി കൊണ്ടു പറഞ്ഞു
"ഇന്നാ കഴിച്ചോ".
"നോമ്പാ, വേണ്ട മോളെ"എന്നു പറഞ്ഞു.
"അയ്യൊ ഇതു ബൊംബല്ല " എന്നു മീനു.
എല്ലാവരും അതു കേട്ടു ഒരെചിരി.

ഇന്നത്തെ കുട്ടികള്‍ക്ക് ബൊംബറിയാം, നോമ്പറിയില്ല. കാലം പോയൊരു പോക്ക്.

അതു മീനുവിന്റെ ശബ്ദം മാത്രമല്ല.ഈ നൂറ്റാണ്ടിലെ എല്ലാ കുട്ടന്മാരുടെയും,കുട്ടിമാരുടേയുംഅറിവാണ്. ബോംബും, മിസൈലും, യുദ്ധവും. അവ ഒന്നും പൂര്‍ണ്ണമായി മാറ്റാന്‍ പറ്റുമെന്നും തോന്നുന്നില്ല.

പക്ഷെ നമ്മള്‍ അമ്മമാര്‍ക്കു പലതും ചെയ്യന്‍ കഴിയും.കഴിയണം..
മീനുകുട്ടിമാര്‍ക്കും മീനുകുട്ടന്മാര്‍ക്കും ഇന്നത്തെ ചുറ്റുപാടുകളില്‍ നിന്നും സ്വയം പറിച്ചെടുക്കാന്‍ പറ്റാത്ത നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, ജീവിതമൂല്യങ്ങള്‍, ഒരുപാടൊരുപാട് സ്നേഹം എല്ലാം അവരുടെ ചെറിയ മനസ്സുകളിലേക്ക് പകര്‍ന്നു കൊടുത്തുകൊണ്ട് ഈ വലിയ ലോകത്തിലേക്ക് അവരെ കൈ പിടിച്ചു നയിക്കുക.

Tuesday, September 11, 2007

ചില്ലുകൊട്ടാരം



വിരല്‍തുമ്പുകളില്‍ ലക്ഷങ്ങളായിരുന്ന്, അതെവിരലുകളാല്‍ വലിച്ചെറിയപ്പെട്ട ചീട്ടുകളെ, നഷ്ടപെട്ട മൂല്യമോ ഭംഗിയൊ ഒന്നും നോക്കാതെ ഒരു പാവം കൈവിരലുകള്‍ സ്നേഹത്തൊടെ പെറുക്കി സൂക്ഷിച്ചിരുന്നു.!

എപ്പൊഴോ കുട്ടിത്തം നിറഞ്ഞ ഒരു മോഹം തോന്നി ചീട്ടുകൊട്ടാരം പണിയാന്‍. എല്ലാറ്റിനേയും പെറുക്കി അടുക്കി തൂത്തു തുടച്ചു ചുളിവുകളും മടക്കുകളും നിവര്‍ത്ത്,പുതിയതുപോലെ ആക്കി ഒരു കൊട്ടാരം പണിയാന്‍ തുടങ്ങി. ഒരിക്കലും അവ പൂര്‍ത്തിയാക്കാന്‍ തോന്നിയതേയില്ല...ഓമനത്തം ഉള്ള ആ സ്വപ്നക്കൊട്ടാരം വലുതായി വലുതായി വന്നു. ഒരു കുട്ടിയുടെ കൌതുകത്തോടെ, സന്തോഷത്തോടെ, സ്നേഹത്തോടെ, ഞാന്‍ സൂക്ഷിക്കുന്നത് ഒരു ചീട്ടുകൊട്ടാരം ആണന്നള്ള കാര്യം പൊലും പലപ്പൊഴും മറന്നു പോയി.മൂല്യം നഷ്ടപ്പെട്ട ചീട്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ എന്റെ കൊട്ടാരത്തിനു ഒരു ചില്ലു കൊട്ടാരത്തിന്റെ മൂല്യം ആയിരുന്നു.

ഒരു പാട് ചീട്ടുകള്‍ ചിട്ടയായി അടുക്കി അടുക്കി വളരെ കാലം കൊണ്ടു പണിതുയര്‍ത്തിയ എന്റെ മാര്‍ബിള്‍ കൊട്ടാരത്തിനു നെരേ അസൂയയുടെ കൈ വിരല്‍ നീണ്ടു വരുന്നതു ഞാന്‍ കണ്ടില്ല.ഒരു ശ്വാസത്തിന്റെ സ്പര്‍ശം ഏല്‍ക്കാന്‍ പോലും ശക്തിയില്ലാത്ത എന്റെ ചില്ലു കൊട്ടാരം നീണ്ടു മെലിഞ്ഞ വെളുത്ത ആ വിരല്‍ കൊണ്ട് എത്ര ഭംഗിയായി തകര്‍ത്തു കളഞ്ഞു..!

വലിച്ചെറിയുന്ന ചീട്ടുകള്‍ ഇനിയും ശേഖരിക്കാം..
ഇനിയും ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാം..
സ്വപ്നങ്ങള്‍ കൊണ്ട് അടിത്തറ തീര്‍ക്കുകയും സ്നേഹം കൊണ്ട് അതിനെ മോടി പിടിപ്പിക്കയുംചെയ്യാം..
ഒന്നു മാത്രം ഓര്‍ക്കണം, വിരലുകള്‍ ചീട്ടുകളേ തേടി വന്നുകൊണ്ടേയിരിക്കും...!!

Monday, June 18, 2007

സ്റ്റൈല്‍



എന്റെ നാട്.
ഒന്നു കൂടെ കാണണം..
കുട്ടിക്കാലത്തു ഓടിച്ചാടി നടന്ന ഇടവഴികളിലെല്ലാം കുട്ടിത്തം മാറാത്ത മനസ്സുമായി ഒന്നുകൂടെ നടക്കണം.ഓര്‍മ്മകള്‍ കൂട്ടത്തോടെ ചുറ്റിലും നിരന്നു.അവധി ദിവസങ്ങളില്‍ അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാനിറങ്ങുന്നതും, അച്ഛന്റെ സുഹൃത്ത് രാമേട്ടന്റെ ചായക്കടയുടെ മുന്‍പിലുള്ള ബെഞ്ചിലിരുന്നു ചൂടു ചായ കുടിക്കുന്നതും, കൂട്ടത്തില്‍ സ്നേഹിതന്റെ മകനു രാമേട്ടന്‍ സ്നേഹത്തോടെ വാഴയില കീറില്‍ തന്ന ചൂടു ഇഡ്ഡലിയും, തേങ്ങ ചമ്മന്തിയും,എല്ലാം എല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കണം എന്നൊക്കെ കരുതിയാണ് നാട്ടില്‍ എത്തിയത്.  പഴയനാടല്ല മാറ്റം വന്നു കാണും എന്നൊക്കെ പ്രതീക് ഷിച്ചിരുന്നു. എങ്കിലും ഇത്രവലിയ മാറ്റം പ്രതീക്ഷിച്ചിരുന്നതേയില്ല.


ടാറിട്ട റോഡുകളും കൊണ്‍ക്രീറ്റു കെട്ടിടങ്ങളുമൊക്കെ വന്നുയെങ്കിലും ഭൂമിശാസ്ത്രപരമായ ഘടനക്കു വലിയ മാറ്റം കണ്ടില്ല.  പിറ്റേ പ്രഭാതത്തില്‍ നടക്കാനിറങ്ങിയ ഞാന്‍ നേരേപോയത് രമേട്ടന്റെ ചായ പീടിക ഇരുന്നയിടത്തേക്കാണ്. അവിടെകൂറ്റന്‍ ഒരു ഹോട്ട
ല്‍  . അച്ഛന്‍ തുടങ്ങി വച്ച ചെറിയ ചായക്കട ഇത്ര വളരെ വളര്‍ത്തിയ രാമേട്ടന്റെ മക്കളോട് ബഹുമാനം തോന്നി.  ഉള്ളിലേക്കു കടന്ന ഞാന്‍ കണ്ടത് സ്വീകരണമുറിയില്‍ തന്നെ രാമേട്ടന്റെ വലിയ ഒരു പടം അലങ്കരിച്ചു വച്ചിരിക്കുന്നതാണ്.  സ്നേഹം തുളുമ്പുന്ന ആ പടത്തിന്റെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ "കഴിച്ചിട്ടു പോകാം മോനേ" എന്നു പറയുന്നതായി തോന്നി. ഞാന്‍ നേരെ റെസ്റ്റോറെന്റിലേക്കു പോയി. അതിമനോഹരം. വെള്ളവിരിപ്പിട്ട് മൂടിയ മേശകളും അതിന്മേല്‍ പൂ പാത്രങ്ങളും പൊക്കം കൂടിയ ചാരുള്ള കസേരകളും എല്ലാം ഭംഗിയായി വച്ചിരിക്കുന്നു.

എന്നേ കണ്ടതും തൂവെള്ള വസ്ത്ര ധാരിയായ സേവകന്‍ ഓടി വന്നു.

"ഇരിക്കണം സര്‍ ".ഇരുന്നു.

"എന്താണ്സര്‍ കഴിക്കന്‍?"

അയാള്‍ വിഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ പറഞ്ഞു. അതൊന്നും ശ്രദ്ധിച്ചില്ല ഞാന്‍.

"ഇഡ്ഢലി മതി".

അയാള്‍ അടുക്കളയിലേക്കും ഞാന്‍ കൈ കഴുകാനും പോയി. കൈ കഴുകി തിരികെ തീന്‍ മേശക്കു മുന്നിലെത്തിയ ഞാന്‍കണ്ടത് പൂ പോലത്തെ ഇഡ്ഡലികള്‍ സുന്ദരമായ വെള്ളപാത്രത്തില്‍ എന്നെയും കാത്തിരിക്കുന്നു. ഒന്നുമത്രം മനസ്സിലായില്ല. ഇരുവശത്തും രണ്ട് ആയുധങ്ങള്‍ 'കത്തിയും മുള്ളും' ഒന്നു സംശയിച്ചു.
ഇതു കൊന്നു തിന്നേണ്ട സാധനം വല്ലതും ആണോ?കഴിക്കാതെ അതിനേ നോക്കി ഇരുന്നു.കഴിക്കാതിരുന്ന എന്നേ കണ്ടിട്ടു സേവകന്‍ ഓടി വന്നു.'എന്താണു സര്‍ കഴിക്കാത്തത്?"ഭവ്യതയോടെ ചോദിച്ചു.

വിഷമത്തോടെ ഞാന്‍ ചോദിച്ചു...

' ഇതു ഇഡ്ഡലി തന്നെ അല്ലേ?".."അതെ" അയാള്‍സംസാരം തുടര്‍ന്നു.

"ഇപ്പോള്‍ എല്ലാം തനിനാടന്‍ രീതിയില്‍ ആണല്ലോ എല്ലാര്‍ക്കും പ്രിയം.സാറിനു വിദേശ ആഹാരം വല്ലതും വേണേല്‍ വേഗം തയ്യാറാക്കാം".

ഞാന്‍ പറഞ്ഞു "വേണ്ട, ഇത്ര സാധുവായ ഇഡ്ഡലിക്കിരുപുറവും ആയുധങ്ങള്‍ കണ്ടപ്പോള്‍ ഒരു സംശയം തോന്നി, കൊന്നു തിന്നണ്ട വല്ലതും ആണോ നമ്മുടെ ഇഡ്ഡലിയുടെ രൂപത്തില്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന്".

എന്റെ സംശയം കേട്ട് അയാളുടെ മുഖത്ത് അര്‍ത്ഥം മനസ്സിലക്കാന്‍ പറ്റാത്ത ഒരു ചിരി കണ്ടു.

"അതാണു സര്‍ ഇപ്പോളത്തെ ഒരു സ്റ്റൈല്‍".

എന്നു പറഞ്ഞു സേവകന്‍ അവന്റെ തിരക്കുകളിലേക്കു മടങ്ങി.

ഞാന്‍ സാവധാനം ആ ആയുധങ്ങളെ ഒരു വശത്തേക്കു മാററി വച്ചു. ആയുധങ്ങള്‍ കൊണ്ടുള്ള വെട്ടും കുത്തും പ്രതീക്ഷിച്ച് നിസ്സഹായതയോടെ ഇരുന്നിരുന്ന പാവം ഇഡ്ഡലികളെ എന്റെ കൈകള്‍ കൊണ്ട് ഒന്നു തൊട്ടു.

രോമകൂപങ്ങള്‍ ഒന്നും ഇല്ലതെയിരുന്നിട്ടും അവയെല്ലാം രോമാഞ്ചം കൊള്ളുന്നതു ഞാന്‍ കണ്ടു.

അത് എന്റെ ഭക്ഷണം ആണന്നു മറന്നുപോയ ഞാന്‍ സ്നേഹത്തോടെ അവയെ തലോടിക്കൊണ്ടേയിരുന്നു........

Wednesday, June 13, 2007

സാരസകൊക്കുകള്‍


സാരസകൊക്കുകള്‍ അറിയാമൊ ഇവയെ?എനിക്കും അറിയില്ല. കേട്ടറിഞ്ഞ ഒരു കര്യം പറയാം .ഇണ പൊയാല്‍ പിന്നെ മരണം വരെ നിരാഹാരം ഇരിക്കും.സത്യതില്‍ ഇങ്ങനെ ഒന്നുണ്ടോ?അതോ ഇണയുടെ സ്നേഹം നഷടപെട്ട വേദനയില്‍ നിന്നും ജനിച്ചതാണോ ഇവ. അറിയില്ല. ഒന്നുമാത്രം അറിയാം. സ്നേഹിച്ചു സ്നേഹിച്ചു പരസ്പരം വീര്‍പ്പുമുട്ടിച്ചിരുന്ന എതോ നിമിഷങ്ങളില്‍ അവര്‍ വിചാരിച്ചു ഞങ്ങള്‍ സാരസകൊക്കുകള്‍ , സമാധാനിച്ചു , ആശ്വസിച്ചു, വിശ്വസിച്ചു.

Thursday, June 7, 2007


അതെ ഒരു കര്യം . നമ്മുടെ വഴിപൊക്കന്‍ എന്നെ കൂടെ കൂട്ടി.