Saturday, April 19, 2008

വീണ്ടും ഒരു ഏപ്രില്‍18













കൊല്ലങ്ങള്‍ക്കു മുന്‍പ് മനസ്സു നിറച്ച ഒരു ഏപ്രില്‍18 ഉണ്ടായി।അതു ഒരു ചിത്രം ആയിരുന്നു।എന്നാല്‍ 2008 ഏപ്രില്‍18 ഒരിക്കലും ഒരു ചിത്രം അയിരുന്നില്ല യാഥാര്‍ഥ്യം തന്നെയായിരുന്നു.എന്റെ മനസ്സു നിറഞ്ഞു തുളുമ്പിയ ഒരു കാഴ്ച്ചയായിരുന്നു. അനുഭവമായിരുന്നു.


യു.എ.ഇ.ബ്ലോഗേര്‍സിന്റെ പലരുടെയും ചേച്ചിയുടെ,ചിലരുടെ അമ്മയുടെ, ബ്ലോഗ് കുഞ്ഞുമക്കളുടെ പ്രിയപ്പെട്ട ആന്റിയുടെ ഞാനുള്‍പ്പെടുന്ന വളരെ ചുരുക്കം ചിലരുടെ മാത്രം ‘അതുല്യയുടെ ഏപ്രില്‍ 18 ‘ ചന്ദ്രകാന്തം എന്നെ 17നു വൈകിട്ടു വിളിച്ചിട്ട് അതുല്യേച്ചിക്ക് ഒരു താല്‍ക്കാലിക യാത്രയയപ്പു പരിപാടി ഷാര്‍ജ ജസീറപാ‍ര്‍ക്കില്‍ രാവിലെ 10 മണിക്ക് ഉണ്ട് എന്നു പറഞ്ഞതും’ഞാനും വരുന്നുണ്ട്’ എന്നു ഒട്ടും ആലോചിക്കാതെ തന്നെ മറുപടിയും പറഞ്ഞു .ഷാര്‍ജ വരെ എങ്ങനെ പോകും എന്നൊന്നും ആലോചിച്ചതേയില്ല.(എന്നെ കൂടെ കൂട്ടി കൊണ്ടു പോയതിനു കൈതമുള്ള് മാഷിനോടും, വഴിപോക്കനോടും നന്ദി).കാരണം ഇതിനു മുന്‍പ് നടന്ന നല്ല ഒരു ബ്ലോഗേര്‍സ് മീറ്റ്, (അതും ഞാന്‍ തമസിക്കുന്നതിനു വളരെ അടുത്തുള്ള ക്രീക്ക് പാര്‍ക്കില്‍)നിസ്സാര കാരണങ്ങള്‍ പറഞ്ഞ് നഷ്ടപ്പെടുത്തിയ ഒരു ദുഷ്ടയാണ് ഞാന്‍. അപ്പൂന്റെ ലോകത്തിലൂടേ അതിന്റെ വിവരണം കണ്ട ഞാന്‍ അനുഭവിച്ച സങ്കടം എത്ര എഴുതിയാലും തീരില്ല.
ഈ ബ്ലോഗ് ലോകത്തില്‍ നിന്ന് ആര്‍ക്കെങ്കിലും യാത്ര പറഞ്ഞു പോകാന്‍ പറ്റുമോ?യാത്രയയക്കാന്‍ പറ്റുമോ?ഒരിക്കലും പറ്റില്ല എന്ന് ഇന്നലത്തെ ഒത്തുചേരലില്‍ ഞാന്‍ മനസ്സിലാക്കി.സ്നേഹം നിറഞ്ഞു തുളുമ്പിയ കുറച്ചു സമയം.സ്നേഹം നിറഞ്ഞ മനസ്സുള്ളവര്‍. അതു മുഴുവനായും ഒരു പിശുക്കും കാട്ടാതെ പ്രകടിപ്പിക്കാന്‍ മനസ്സുള്ളവര്‍. നന്മയും സ്നേഹവും ഉള്ളവരുടേത് മാത്രം നമ്മുടെ മലയാളം ബ്ലോഗ് എന്നു ഞാന്‍ തിരിച്ചറിഞ്ഞ ഒരു ദിവസം ആയി എന്റെ ജീവിതത്തില്‍ ഏപ്രില്‍18.
‘അതുല്യക്ക് തുല്യ അതുല്യ മാത്രം’മനസ്സില്‍ നിന്നും മായാത്ത ഒരു ഏപ്രില്‍18 വീണ്ടും ഉണ്ടായതില്‍ ദൈവത്തിനു നന്ദി.അതുല്യക്കു എല്ലാ നന്മകളും നേരുന്നു.

Sunday, April 13, 2008

കുഞ്ഞു മനസ്സില്‍ വിരിഞ്ഞ കൊന്നപ്പൂക്കള്‍














മാധ്യമങ്ങളിലെല്ലാം വിഷുക്കാലം പലതരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഷുവിന്റെ വരവ് നമ്മളെ അറിയിക്കുന്നത് കൊന്നപ്പൂക്കള്‍ ആണ് എന്നു എനിക്കു എപ്പോഴും തോന്നിയിട്ടുണ്ട്.ഇന്നലെ റ്റി വി യില്‍ വയനാട്ടിലെ കൊന്നപ്പൂ ദൃശ്യം കണ്ടു.എന്തൊരു ഭംഗി.....അതു കണ്ടപ്പോള്‍ കുട്ടിക്കാലത്ത് എന്റെ രാധ അമ്മച്ചി(അമ്മയുടെ ചേച്ചി)പറഞ്ഞുതന്ന നല്ല ഒരു കഥ ഓര്‍മ്മ വന്നു.പലര്‍ക്കും അറിയാവുന്ന കഥ ആയിരിക്കാം.എന്റെ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുള്ള വിഷു ആശംസകള്‍ക്കൊപ്പം ഈ കഥയും പറയുന്നു.

ഒരു നാട്ടില്‍ എല്ലാം കൊണ്ടും സമ്പന്നമായ ഒരു കൃഷ്ണ ക്ഷേത്രം ഉണ്ടായിരുന്നു.നിറയെ ആഭരണങ്ങള്‍ ചാര്‍ത്തി നില്‍ക്കുന്നതാ‍യിരുന്നു അവിടുത്തെ കൃഷ്ണവിഗ്രഹം.

അമ്പലം അടിച്ചുവാരാന്‍ വന്നിരുന്ന സ്ത്രീയോടൊപ്പം അവരുടെ ചെറിയ കുട്ടിയായ മകനും എന്നും അമ്പലത്തില്‍ വന്നിരുന്നു.അമ്മ അവരുടെ തിരക്കുകളിലേക്കു പോയിക്കഴിഞ്ഞാല്‍ കുട്ടി അമ്പലത്തിനുള്ളില്‍ കളിച്ചു നടക്കും.ക്രമേണ അവന്റെ ശ്രദ്ധ ഭഗവത് വിഗ്രഹത്തിലും അതിന്മേലുള്ള ആഭരണത്തിന്റെ ഭംഗിയിലുമായി.പിന്നീട് പിന്നീട് അതു മാത്രം ആയി കുട്ടീടെ ശ്രദ്ധ.ശ്രീകോവിലിനു മുന്നില്‍ തറയില്‍ ഇരുന്ന് കുട്ടി ഭഗവാനേ നോക്കികൊണ്ട്ണേയിരുന്നു.ആഭരണം അണിഞ്ഞുനില്‍ക്കുന്ന ഭഗവാന്റെ ഭംഗി ആസ്വദിച്ച് ആസ്വദിച്ച് ആകുട്ടി ഭഗവാന്റെ ആഭരണങ്ങള്‍ മുഴുവനും സ്വയം അണിഞ്ഞു നില്‍ക്കുന്നതായി മനസ്സില്‍ കണ്ടു തുടങ്ങി.

ദിവസവും തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴും ആ കുഞ്ഞുമനസ്സു നിറയെ ഭഗവാനും ആഭരണങ്ങളും താന്‍ കാണുന്ന സ്വപ്നവും മാത്രം.ആ തങ്കകുടത്തിനോട് ഭഗവാനു വല്ലാത്തസ്നേഹം തോന്നി.ആ നിഷ്കളങ്കമനസ്സിന്റെ ആഗ്രഹം സാധിപ്പിക്കണം എന്ന് ഭഗവാന്‍ തീരുമാനിച്ചു.

പിറ്റേന്നും പതിവുപോലെ അമ്മയോടൊപ്പം കുട്ടിയും വന്നു.കുട്ടി അവന്റെ സ്ഥിരം സ്ഥലത്ത് ഭഗവാനെയും കണ്ടുകൊണ്ട് ഇരുപ്പായി.നിര്‍മ്മാല്യപൂജ കഴിഞ്ഞു വാതില്‍ചാരി പുജാരി നിവേദ്യം ഉണ്ടാക്കാന്‍ പോയി. കുട്ടി ചാരിയവാതിലിനിടയിലൂടെ ഭഗവാനെ കണ്ട്കണ്ട് അവിടെതന്നെ കിടന്നു ഉറക്കം ആയി.

നിവേദ്യപൂജക്കു വന്ന പൂജാരി കാണുന്നത് ഭഗവാന്റെ ആഭരണം എല്ലാം ചാര്‍ത്തി ഉറങ്ങുന്ന കുട്ടിയെ ആണ്.വിഗ്രഹത്തില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.പൂജാരി പോയതക്കം നോക്കി നടതുറന്നു ആഭരണംഎല്ലാം എടുത്ത് ചാര്‍ത്തി സുഖമായി ഉറങ്ങുന്നവനെ കണ്ട് പൂജാരിക്കു കലിയിളകി.അയാള്‍ ഒച്ച വയ്ക്കുന്നതു കെട്ടു ആളുകള്‍ ഓടിക്കൂടി, കൂട്ടത്തില്‍ അവന്റെ അമ്മയും.ഈ കാഴ്ച്ച് കണ്ടു ഭയന്നുപോയ ആ അമ്മ മകനെ തട്ടിയുണര്‍ത്തി.കാര്യം മനസ്സിലാകത്ത അവന്‍ തന്നെ പൊതിഞ്ഞു നില്‍ക്കുന്ന ആളുകളെ നോക്കീ.പെട്ടന്നാണ് അവന്റെ ശ്രദ്ധ സ്വന്തം ശരീരത്തിലേക്കു തിരിഞ്ഞത്.
”ഹായ് എന്തൊരു ഭംഗി“. ഭഗവാനെപ്പോലെ ആഭരണമെല്ലാം ഇട്ടു അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്വന്തം രൂപം ആ കുഞ്ഞു മനസ്സിനെ ആനന്ദത്തില്‍ ആറാടിച്ചു.തനിക്കു ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവനെ ബാധിച്ചില്ല.എല്ലാം തനിക്കു സമ്മാനിച്ച ഭഗവാനേ നിറഞ്ഞമനസ്സോടെ നോക്കി നിന്ന അവനെ ശാസിച്ചു കൊണ്ട് അമ്മയും പുജാരിയും ആളുകളും എല്ലാവരും ചേര്‍ന്ന് ആഭരണങ്ങള്‍ ഊരാന്‍ ശ്രമം തുടങ്ങി.കുട്ടി അതിനു സമ്മതിക്കാതെ ശ്രീകോവിലിനു ചുറ്റും ഓടി. ഇടക്കിടെ രണ്ടു കുട്ടികള്‍ ഓടുന്നതായി പലര്‍ക്കും തോന്നി.അവസാനം കുട്ടി അമ്പലത്തിനു പുറത്തിറങ്ങി ഓടാന്‍ തുടങ്ങി.

കുട്ടിമുന്നിലും ജനം പിന്നിലുമായി ഓട്ടം തുടരവെ ഇടക്കിടെ ഒരുവലിയ കുട്ടി ചെറിയകുട്ടിയെ എടുത്തോണ്ട് ഓടുന്നതായും ചിലര്‍ കണ്ട്ത്രെ.ഓടി തളര്‍ന്ന കുട്ടി ശരീരത്തില്‍ കിടന്ന ആഭരണങ്ങളൊന്നോന്നായി അടുത്തുകണ്ട മരങ്ങളിലേക്കെല്ലാം ഊരിഊരി എറിഞ്ഞു. അതു ചെന്നു വീണ മരങ്ങളിലെല്ലാം സ്വര്‍ണ്ണവര്‍ണ്ണമുള്ള പൂക്കള്‍ ഉണ്ടായി എന്നും അതാണ് പ്രകൃതിയെ അലങ്കരിക്കുന്ന കൊന്നപ്പുക്കളായതെന്നും ആണു കഥ.കൊന്നപ്പുക്കളുടെ മനോഹാരിത കാണുമ്പോള്‍ ഈ കഥ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.

ഇന്നും ഓര്‍മ്മയില്‍ വിരിഞ്ഞുനില്‍ക്കുന്ന ഈ കഥ പറഞ്ഞു തന്ന..
അന്നു എന്റ് കുഞ്ഞു മനസ്സില്‍ കൊന്നപ്പൂക്കള്‍ വിരിയിച്ചു തന്ന..
എന്റെ പ്രിയപ്പെട്ട അമ്മച്ചിയെ ഈ വിഷുദിനത്തില്‍ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു.

എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും “വിഷു ആശംസകള്‍”

Sunday, April 6, 2008

പച്ചനിറമുള്ള സന്യാസി മരങ്ങള്‍

ഭൂമിയില്‍ നിന്നും ആകാശത്തേക്ക് നോക്കുമ്പോള്‍ പലപ്പോഴും വര്‍ണ്ണങ്ങള്‍ വാരി വിതറിയിരിക്കുന്നത് കണ്ടിട്ടുണ്ട്.എന്നാല്‍ ഒരിക്കല്‍ ആകാശത്തില്‍ നിന്നും ഭൂമിയിലേക്ക് നോക്കിയപ്പോള്‍ അതിമനോഹരമായ ഒരു വര്‍ണ്ണകാഴ്ച്ച കാണാനിടയായി.കാര്യം മനസ്സിലാകത്തതുകൊണ്ട് സഹയാത്രികനോട് ചോദിച്ചു
”എന്താ ഭുമിക്ക് ഈ നിറം?”
“ഇവിടെ ഇപ്പോള്‍ ഫോള്‍ സീസണ്‍ ആണ്”. അയാള്‍ പറഞ്ഞു.സത്യത്തില്‍ എന്താ എന്നു മനസ്സിലായില്ല.കൂടുതല്‍ ചോദിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കേണ്ട് എന്നു കരുതി നിശ്ശബ്ദമായിരുന്നു.

താഴെയെത്തി ചുറ്റിനും കണ്ണോടിച്ചപ്പോള്‍ കണ്ടകാഴ്ച്ച॥ ഹോ॥!!, ഒരു കവി ഹൃദയം ഇല്ലാത്തതില്‍ ദു:ഖം തോന്നിയ നിമിഷം। ഇത്ര അധികം നിറങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടോ എന്നു തോന്നിപ്പോയി।ഈ വര്‍ണ്ണങ്ങളേ മുഴുവനും സൃഷ്ടിച്ച ആ ശക്തിയെ മനസ്സാല്‍ സാഷ്ടാംഗം നമസ്കരിച്ചു പോയി.
‘കണ്ണുകള്‍ക്കു കണ്‍പോളകള്‍ വേണ്ട‘ എന്നു ഗോപികമാര്‍ ഭഗവാനോട്പറഞ്ഞത് സത്യത്തില്‍ ആ നിമിഷം ഞാനും പറഞ്ഞു.കണ്ണിമ ചിമ്മാതെ ആ പ്രകൃതിയെ നോക്കി നില്‍ക്കാന്‍,ഹൃദയത്തിലേറ്റാന്‍.

പ്രകൃതിയുടെ ഹോളി ആഘോഷം ആസ്വദിച്ചിരുന്ന ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച ഒരു നിറം ഉണ്ടായിരുന്നു.പച്ച.നിറം മാറി പ്രക്യതിയുടെ മാറ്റങ്ങളെ അംഗികരിക്കാന്‍ തയ്യാറാകത്ത ധാര്‍ഷ്ട്യഭാവമുള്ള പച്ച മരങ്ങള്‍. കലാനുസൃതമായ മാറ്റങ്ങളെ അംഗീകരിക്കാതെ എന്തേ ഇവ ഇങ്ങനെ എന്നു ചിന്തിക്കാതിരുന്നില്ല.

വളരെ പതുക്കെ നിറങ്ങള്‍ മങ്ങി തുടങ്ങുന്നതും വര്‍ണ്ണങ്ങള്‍ കൊണ്ട് പ്രകൃതിയെ അലങ്കരിച്ചു നിര്‍ത്തിയിരുന്ന ഇലകള്‍ ഒന്നോന്നായും കൂട്ടത്തോടെയും കൊഴിഞ്ഞു വീഴുന്നതും കുറ്റിച്ചെടികള്‍ മുതല്‍ വന്‍ വ്യക്ഷങ്ങള്‍ വരെ നിര്‍വികാരതയോടെ നോക്കി നില്‍ക്കുന്നതും ഞാന്‍ കണ്ടു. അപ്പോഴും ഞാന്‍ ശ്രദ്ധിച്ചു നിറം മാറാതെ നിന്നിരുന്ന പച്ച ഇലകളുള്ള മരത്തെ.ആ ഒറ്റയാന്മാരെ.മരങ്ങള്‍ക്കിടയിലെ സന്യാസിമാരെ.ഒരു മാറ്റങ്ങളും അവരെ ബാധിക്കുന്നില്ല.മറ്റുമരങ്ങള്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിയപ്പോള്‍ അവര്‍ അസുയപ്പെട്ടില്ല, ഇല പൊഴിച്ചപ്പോള്‍ സന്തോഷിച്ചും സങ്കടപ്പെട്ടും ഇല്ല.സ്വന്തം ഭംഗിയും ഭാവവും കൈ വിടാതെയുള്ള ആ പച്ച മരങ്ങളെ കണ്ടപ്പോള്‍ എനിക്ക് നമുക്കു ചുറ്റുമുള്ള പല വ്യക്തിത്വങ്ങളേയും ഓര്‍മ്മ വന്നു.

തറയില്‍ വാടി തളര്‍ന്നു കിടക്കുന്ന നിറം മങ്ങിയ ഇലകളേയും, നഗ്നരാക്കപ്പെട്ട മരങ്ങളേയും ചെടികളേയും,സന്യാസിമാരായ പച്ച മരങ്ങളേയും ഒക്കെ തൊട്ടുതലോടിക്കൊണ്ട് മഞ്ഞുകാലം വരവായി.തണുപ്പിന്റെ തലോടലിനു ഒരു വല്ലാത്ത സുഖം ആയിരുന്നു.ക്രമേണ തലോടല്‍ ഗാഢമായ ആലിംഗനത്തിലേക്കും പിന്നെ ധ്യതരാഷ്ട്രാലിംഗനത്തിലേക്കും മാറുന്നതും ഞാനറിഞ്ഞു.

മുണ്ഡനം ചെയ്തവനെ ഭസ്മംപൂശുന്നതു പോലെഒരു കാഴ്ച്ച ഞാന്‍ കണ്ടു।ആകാശത്തില്‍ നിന്നും വെള്ള പൊടി ഭൂമിയിലേക്കു വന്നു കൊണ്ടേയിരുന്നു। ക്രമേണ പല വര്‍ണ്ണങ്ങള്‍ക്കു പകരം തൂവെള്ള നിറം കൊണ്ടൂ നിറഞ്ഞു പ്രക്യതി।പൂക്കളായും ഇലകളായും മഞ്ഞ് മരങ്ങളുടേയും ചെടികളുടേയും നഗ്നത മറച്ചു.അപ്പോഴും നമ്മുടെ സന്യാസി മരങ്ങള്‍ ബലമായി അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു പൂക്കളേയും പേറിക്കൊണ്ട് നിര്‍വികാരതയോടെ തന്നെ നിന്നു.സൂര്യരശ്മികള്‍ക്കു പോലും തണുപ്പ് അനുഭവപ്പെട്ടു.

ശൈത്യഭഗവാന്റെ ആലിംഗനത്തിന്റ് ശക്തി കുറയുന്നതും വെളുത്തപൂക്കളുടെ വലിപ്പം കുറഞ്ഞു കുറഞ്ഞ് അവ ഇല്ലാതെ ആകുന്നതും കണ്ടു.തണുപ്പിന്റെ തലോടലിനൊപ്പം സൂര്യകിരണങ്ങളുടെ ചൂടും ചെറുതായി വന്നു തുടങ്ങിയ ഒരു നാളില്‍ ഞാന്‍ കണ്ടു വര്‍ണ്ണം വിതറിയ ഇലകളും, വെള്ളപ്പുക്കളും ഒക്കെ നിന്നിരുന്ന കൊമ്പുകളിലും ചില്ലകളിലും നിറയെ പച്ചമുകുളങ്ങള്‍.പാല്‍ പല്ലുകള്‍ കാട്ടി നമ്മെ നോക്കി ചിരിക്കുന്ന കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നിറഞ്ഞിരിക്കുന്നു.
“ഹോ എന്തൊരു ഭംഗിയാ... ആ കാഴ്ച്ച. വീണ്ടും കവി ഹ്യദയത്തെ ഓര്‍ത്തു പോയി.

ദിവസങ്ങല്‍ക്കുള്ളില്‍ പ്രകൃതി സുന്ദരിപെണ്ണായി.ഇലകളും പൂക്കളും കായ്കളും, കിളികളും കാറ്റും. ചുറ്റിലും നടക്കുന്ന മാറ്റങ്ങള്‍ ഒന്നും ഞങ്ങളെ ബാധിക്കുന്നേയില്ല എന്ന ഭാവത്തോടെ നില്‍ക്കുന്ന പച്ച മരങ്ങളോട് എനിക്കു ചെറിയ പരിഭവം തോന്നി.അതിലേറെ ബഹുമാനവും തോന്നി.

ഈ പ്രകൃതിയെ ആസ്വദിക്കാന്‍ എന്നും എനിക്കു കൂട്ടായി ഒരുപച്ച മരം ഉണ്ടായിരുന്നു.സ്ഥിരസ്വഭാവം ഉള്ളവനിലുള്ള ഒരു വിശ്വാസം കൊണ്ടാവാം ആ പച്ച മരം എനിക്കു പ്രിയപ്പെട്ടതയിരുന്നു.എന്റെ മണലാരണ്യത്തിന്റെ സൌന്ദര്യത്തിലേക്കു മടങ്ങുന്നതിനു മുന്‍പ് ഒന്നുകൂടെ ഞാന്‍ ആ ഫേണ്‍ മരത്തിനടുത്തുപോയി കുറേ സമയം ഇരുന്നു.യാത്ര പറഞ്ഞു തിരിച്ചു നടന്ന എന്നേ ആരോ പിടിച്ചതു പൊലെ തോന്നി.ആ പച്ചമരത്തിന്റെ ഒരു ചില്ല എന്റെ ഉടുപ്പില്‍ പിടിച്ചിരിക്കുന്നു.തിരിഞ്ഞു നിന്ന എന്നോട് , മനസ്സു വായിക്കാന്‍ അറിയാവുന്ന എന്റെ സന്യാസിമരം വളരെ പതുക്കെ എന്തൊ പറയുന്ന പോലെ തോന്നി. കാതോര്‍ത്തപ്പൊള്‍ പറയുന്നതു വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങി.”സംശയങ്ങള്‍ ഒക്കെ തിര്‍ത്തിട്ടു പോയാലെ ദൂരങ്ങള്‍ താണ്ടി നീ ഇനിയും എന്നേ കാണാന്‍ വരു....
ഞാന്‍ ചോദിച്ചു
“നിങ്ങള്‍ പച്ചമരങ്ങള്‍ എന്താണ് മാറ്റങ്ങളെ അംഗീകരിക്കതെ, ഇത്ര ഗര്‍വ് കാട്ടി നില്‍ക്കുന്നത്?”

വെയില്‍ തട്ടി നിന്നിരുന്ന എന്നൊട് ആ മരം പറഞ്ഞു.
“എന്റെ തണലിലേക്കു നീങ്ങി നില്‍ക്കു”.
തണലില്‍ നിന്നപ്പോള്‍ വല്ലാത്ത കുളിര്‍മമ തോന്നി.
മരം വീണ്ടും പറയാന്‍ തുടങ്ങി, “ഞങ്ങള്‍ പച്ച മരങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നവര്‍ തന്നെയാണ്, നീ കണ്ടതൊക്കെ നൈമിഷികമായ വര്‍ണ്ണങ്ങള്‍ മാത്രം ആണ്.അതില്‍ അഹങ്കരിക്കുന്ന ജിവജാലങ്ങള്‍ക്കുവേണ്ടീ നിലനില്‍ക്കുന്നവരാണ് ഞങ്ങള്‍.പ്രകൃതി ദുരന്തങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളുടെ സമാധാനത്തെ കളയല്ലേ എന്നു എപ്പൊഴും പ്രാര്‍ഥിച്ചു കൊണ്ടിരിക്കയാണ് ഞങ്ങള്‍.എല്ലാ മാറ്റങ്ങളിലുടെയും ഓടിതളര്‍ന്ന് വീണ്ടും പച്ചനിറം ഉള്‍ക്കൊണ്ട് ഞങ്ങളോടൊപ്പം എല്ലാം വന്നു നില്‍ക്കുന്നതു കണ്ടില്ലേ? നീയും ഇപ്പോള്‍ ഈ പച്ചപ്പിന്റെ തണലില്‍ അല്ലേ നില്‍ക്കുന്നത്?”

ശരിയാണ്, ചുറ്റിനും നോക്കിയ ഞാന്‍ മനസ്സിലാക്കി സന്യാസിമരം പറഞ്ഞ സത്യം.ചെറുചിരിയോടെ നിറഞ്ഞമനസ്സോടെ പ്രാര്‍ധ്നയില്‍ മാത്രം മുഴുകി നില്‍ക്കുന്ന പച്ചമരങ്ങളെ നോക്കിയപ്പോള്‍ എന്റെ കണ്ണുകല്‍ നിറഞ്ഞു. അവയെ മനസ്സിലാക്കാന്‍ വൈകിയതിന്റേയും അവയോട് യാത്ര പറയുന്നതിന്റേയും ഒക്കെ വിഷമം.

വീണ്ടും ആകാശത്തില്‍ നിന്നും ഭൂമിയിലേക്കു നോക്കിയ ഞാന്‍ പച്ച്പ്പിന്റെ സൌന്ദര്യം കണ്ട് കവി ഹ്യദയം ഇല്ലാത്തതില്‍ ഒരിക്കല്‍ കൂടെ ദു:ഖിച്ചു.എന്റെ സന്യാസി മരങ്ങളെ ഇനിയെന്നു കാണും?
ആകാശത്തില്‍ നിന്നും മണലാരണ്യത്തിലേക്കു താഴ്ന്നു വന്നപ്പോള്‍ അവിടവിടെയായി ചില പച്ചപൊട്ടുകള്‍ കണ്ടു.താഴെയെത്തി ചുറ്റിലും നൊക്കിയ ഞാന്‍ കണ്ടത് ഒന്നുമാത്രം.ഈ മരുഭൂമിയെ സ്വര്‍ഗ്ഗതുല്യമക്കി മാറ്റാന്‍ തലയെടുപ്പോടേ നിസ്വാര്‍ത്ഥ പ്രാര്‍ഥനയോടെ നില്‍ക്കുന്ന ഈന്തപ്പനകളേ...ഈ മരുഭൂമിയിലെ എന്റെ പ്രിയപ്പെട്ട സന്യാസിമരങ്ങളെ..

Friday, April 4, 2008

ക്യൂ


എവിടെ നോക്കിയാലും ക്യൂ.....
എല്ലാ മുഖങ്ങളിലും ക്യൂവിനു മുന്നിലെത്താനുള്ള തിടുക്കം.
അസ്വസ്ഥത നിറഞ്ഞു തുളുമ്പുന്ന മുഖങ്ങള്‍ മാത്രം ഉള്ള ക്യൂവുകള്‍.
എന്താണ് എല്ലാവര്‍ക്കും ഇത്ര തിടുക്കം?അക്ഷമ? വിരസത?
തിരികെ പോകണം വേഗം.
വീടുകളിലേക്ക്....
പ്രിയപ്പെട്ടവരുടെ അടുത്തേക്ക്....
സന്തോഷത്തിലേക്ക്....
സമാധാനത്തിലേക്ക്....
സുഖങ്ങളിലേക്ക്....

എല്ലാ ക്യൂവുകളില്‍ നിന്നും തിടുക്കപ്പെട്ടു പൊയവരെല്ലാം തന്നെ ഒരു തിടുക്കവും തിരക്കും ഇല്ലാതെ നില്‍ക്കുന്ന ഒരു ക്യൂ.
വളരെ പതുക്കെ മാത്രം നീങ്ങിയാല്‍ മതി ഈ ക്യൂ എന്നുള്ള ഭാവത്തോടെ വിചാരത്തോടെ ഒരുമയോടെ കാത്തു നില്‍ക്കുന്ന ഒരു ക്യൂ.
ഒരിക്കലും മടങ്ങി പോകണം എന്നുള്ള വിചാരങ്ങളും ഒരു മുഖങ്ങളിലും കാണാത്ത അച്ചടക്കം ഉള്ള ക്യൂ.
ജീവനുള്ളവയെല്ലാം ഒന്നായൊഴുകുന്ന ആ ക്യൂവിലേക്കു അതിശയത്തോടെ നൊക്കിനിന്നിരുന്ന ഞാന്‍ അറിഞ്ഞു.
ആ ക്യൂവിന്റെ ഏതോ ഒരു ഭാഗത്തു ഞാനും നില്‍ക്കുന്നു.
മുന്നിലും പിന്നിലും ആയി ജീവനുകള്‍ ജീവനുകള്‍ വരിവരിയായി നില്‍ക്കുന്നു.
നിത്യ സത്യത്തിലേക്ക് എത്താനുള്ള ക്യൂ.....