Wednesday, October 24, 2012

കരയുന്ന ദശമി

കരയുന്ന ദശമി
                                         ' ഓം ഹരിശ്രീ ഗണപതയേ നമ: '  കുട്ടികളെല്ലാം എഴുതി ബാക്കി വച്ചുപോയ നെല്ലും അരിയും പൂവും നിറച്ച ആ കിണ്ണം എടുത്ത് മടിയിൽവച്ച് അവളും എഴുതി.  'ഓം ഹരിശ്രീ  ഗണപതയേ നമ:'.    അപ്പോൾ പഴയ ഒരു നവരാത്രിക്കാലവും പൂജവൈപ്പും പൂജയെടുപ്പും എഴുത്തിനിരുത്തും എല്ലാം  അവളുടെ മനസ്സിന്റെ കിണ്ണത്തിലും തെളിഞ്ഞുവന്നു.  ഹൊ! എന്തൊരു കേമമായിരുന്നു ആ ഒൻപതു ദിവസം.  കൊലുവും ചുണ്ടലും  പലഹാരങ്ങളും പട്ടുപാവാടകളും ഉടുപ്പുകളും പാട്ടും നൃത്തവും. (അന്ന് ആരോ പറഞ്ഞവൾകേട്ടിരുന്നു ദേവിക്ക് ഒൻപതു രാത്രി ഉൽസവം(നവരാത്രി), ഭഗവാന്ഒരുരാത്രിഉൽസവം(ശിവരാത്രി)) പൂജവയ്പ്പും, പൂജയെടുക്കലും ഒക്കെയായി ആ വർഷവും വിജയദശമി നാളെത്തി. 
               വലിയൊരു ഓട്ടുതളികയിൽ നെല്ലും അരിയും പൂവും ചേർന്ന ഒരുകൂട്ടം.  അത് എന്താന്നു മനസ്സിലായില്ല.  അതിനരുകിൽ ഉരുളി നിറയെ നെയ്പ്പായസം, പാൽപ്പയസം, അവിൽ വരട്ടിയത്, തൂശനിലയിൽ പഴം, കരിക്ക് .എന്തൊരുകാഴ്ച.  പൈദാഹശാന്തിക്കിനിയെന്തു വേണം?
മനംകുളിർപ്പിക്കുന്ന ആ കാഴ്ച്ചക്കൊപ്പം അവൾ വേറൊന്നും കണ്ടു.  വീട്ടിലെയും ചുറ്റുവട്ടത്തേയും സമപ്രായക്കാരും ശകലം പ്രായം കുറഞ്ഞവരും എല്ലാം ഒരുങ്ങിച്ചമഞ്ഞു വന്നു നിൽക്കുന്നു.
ഇതെല്ലാം തിന്നു തീർക്കാനായി വന്നു നിൽക്കുന്ന അവറ്റകളെ തീരെ രസിക്കാത്തമട്ടിൽ ഒന്നു നോക്കിയിട്ട് ആ മധുരക്കൂനകൾക്ക് അരികിൽ അവൾ ചമ്രംപടഞ്ഞ് കാത്തിരുന്നു, എല്ലാം തൂശനിലയിൽ വിളമ്പി തിന്നാൻ തരുന്നതും കാത്ത്.  ആ ഇരുപ്പിലിരുന്ന് അവൾ കൂട്ടുകാരുടെയും സ്വന്തം അനിയന്റേയും മുഖത്തെക്കു നോക്കി.  എന്തോ അപകടം വരുന്ന ഒരു ഭാവം എല്ലാ മുഖങ്ങളിലും.  ശകലം മുതിർന്നവരിൽ തങ്ങൾക്കു പറ്റിയ ചില അപകടങ്ങൾ മറ്റുള്ളവർക്കു പറ്റുമ്പോൾ ഉണ്ടാകുന്ന ഒരു സമാധാനവും സന്തോഷവും .
            പെട്ടെന്ന് ആ വീട്ടിലെ അറിവിന്റെ, വിദ്യാഭ്യാസത്തിന്റെ, അതിലുപരി നന്മയുടെ പര്യായം  വല്യച്ഛൻ (അപ്പൂപ്പൻ)  കസവുമുണ്ടുടുത്ത്, കസവുനേര്യതും പുതച്ച് ഗാംഭീര്യത്തോടെവന്ന് ആ ഒരുക്കുകളുടെയും കത്തിച്ചുവച്ച നിലവിളക്കിന്റേയും മുൻപിൽ വച്ചിരുന്ന ആവണിപ്പലകമേൽ ഇരുന്നു.  നെല്ലും അരിയും പൂവും ഉള്ള കിണ്ണം എടുത്ത് മടിയിൽ വച്ചു.  സ്വർണ്ണമോതിരം കഴുകി അതും ആ താലത്തിൽ ഒരരുകിലായി വച്ചു.  തയ്യാറായിനിന്ന കുഞ്ഞുങ്ങളേ ഓരോരുത്തരയായി വിളിച്ചു മടിയിലിരുത്തി സ്വർണ്ണമോതിരംകൊണ്ട് നാവിലെഴുതി വാക്ദേവതയെ നാവിലും കൈവിരലില്പിടിച്ച് 'ഓം ഹരിശ്രീ' എന്നെഴുതി വിദ്യാദേവതയെ വിരൽത്തുമ്പിലും ചേർത്ത് ആ കുഞ്ഞുങ്ങളെയെല്ലാം വിദ്യാലോകത്തേക്ക് കൈപിടിച്ചുയർത്തി.  മിടുക്കികളും മിടുക്കന്മാരും എല്ലാം എഴുതി മിടുമിടുക്കിമാത്രം 'ഈ കോപ്രായത്തിനൊന്നും എന്നെക്കിട്ടില്ല' എന്ന ഭാവത്തിൽ അനങ്ങാതെ പായസത്തിനരുകിൽ ഇരുന്നു.  കൂട്ടത്തിൽ ഒരാഹ്വാനവും "എല്ലാരും എഴുതിക്കഴിഞ്ഞങ്കിൽ ഇതെല്ലാം വേഗം കഴിക്കാൻ താ".
       മുതിർന്നവരെല്ലാം പരസ്പരംനോക്കുന്നതും പിറുപിറുക്കുന്നതും അവൾ കേട്ടു.  "ഇതു കഴിഞ്ഞ വർഷത്തേപ്പോലെതന്നെ എഴുതാതിരിക്കാനുള്ള പദ്ധതിയാണന്നു തോന്നുന്നു" എന്ന്.  ഉടനെ വല്യച്ഛൻ വിളിച്ചു "തങ്കം വേഗം വന്നു എഴുതിക്കേ" അവൾ വല്യമ്മച്ഛിയെ നോക്കി കാരണം അവൾ തങ്കം എന്നു വിളിക്കുന്നയാൾ അതാണല്ലോ. എന്നിട്ടു മനസ്സിൽ വിചാരിച്ചു 'ഇനിയീ വയസ്സായവരും മുഴുവനും എഴുതിക്കഴിഞ്ഞിട്ടേ ഇതൊക്കെ തിന്നാൻ കിട്ടൂ'.  ഈ ഭാരമുള്ള ഇവരെയൊക്കെ എങ്ങനെ ഈ പാവം വല്യച്ഛൻ മടിയിലിരുത്തി എഴുതിക്കും എന്നൊക്കെ ചിന്തിച്ചുകൂട്ടുന്നതിടയിൽ സംഗതി അത്ര പന്തിയല്ല  എന്നുമനസ്സിലാക്കിയ അവൾ കഴിഞ്ഞ വർഷത്തെപ്പോലെതന്നെ  പതുക്കെ പ്രശ്നങ്ങൾ തുടങ്ങി.  ഇത്തവണ അടവുമാറ്റി ഒരു ഒത്തുതീർപ്പിനു തയ്യാറായി അവൾ.  "ആദ്യം എല്ലാം തിന്നാൻ താ എന്നാൽ ഞാൻ എഴുതാം," എല്ലാവരേയും മെനക്കെടുത്തുന്നത്  കണ്ട് ക്ഷമയുടെ അതിരുകല്ലിന്റെ തുമ്പത്തനിൽക്കുകയായിരുന്ന അച്ഛൻ വടിയുമായി വരുന്നതു കണ്ടതും തങ്കം തന്റെ അവസാനത്തെ അടവായ നിലത്തുകിടന്നുരുളിച്ചയും അലറലും തുടങ്ങി.  തന്റെ ദു:ഖത്തിൽ പങ്കുചേരാതെ തനിക്കു ചുറ്റും ചക്രവ്യൂഹം തീർത്ത് തന്നെ ഒരുവിധത്തിലും  രക്ഷപെടാൻ  അനുവദിക്കാത്ത ആ വീട്ടിലെ കൗരവസേനയെക്കണ്ട്   സങ്കടം സഹിക്കാനാവാതെ അവൾ കത്തിവേഷത്തെപ്പോലെ അലറാൻ തുടങ്ങി.
         "ഇത്തവണ ഇവളേ  എഴുതിക്കാതെ വിടുന്ന പ്രശ്നമേയില്ല" എന്ന   അശരീരികേട്ട ഭാഗത്തേക്കു നോക്കിയ അവൾ  ഞെട്ടിപ്പോയി.  ഇത്ര വല്യ ഒരു ചതിവ് അവൾ  ആ കേട്ട ശബ്ദത്തിൽനിന്നും പ്രതിക്ഷിച്ചതേയില്ല. ആകാരത്തിൽ ഭർത്താവിന്റെ പകുതിയും അധികാരത്തിൽ  ഭർത്താവിന്റെ ഇരട്ടിയും ആയ, എന്തിനും തനിക്കു കൂട്ടുനിൽക്കുന്ന തന്റെ സ്വന്തം തങ്കൻ (തങ്കം). ആ ചതിയുടെ ഞെട്ടലിൽ പുതിയ അടവുകൾ ചിന്തിക്കാനുള്ള സമയം അവൾക്കു കൊടുക്കാതെ ഒരു സാഹസികമായ പിടിവലിയിലൂടെ തങ്കത്തെ തങ്കൻ  അക്ഷരലോകത്തേക്കു തള്ളിയിട്ടു.
      വരട്ടിയ അവിലും നെയ്പ്പയാസവും അന്നു താൽക്കലികമായി ആ സങ്കടം  മാറ്റിയെങ്കിലും എന്നും അവൾക്ക് വിദ്യാഭ്യാസം ആഹാരത്തിനുമുൻപുള്ള ഒരു ചടങ്ങു മാത്രമായി.  എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും അക്ഷരങ്ങൾ എന്നും അവളുടെ പിന്നാലെ വിടാതെ നടന്നു.  വീട്ടിലെ പ്രായമായ അക്ഷരഗോപുരങ്ങൾ അവളുടെ നിറുകന്തലയിൽ കയറിനിന്നു ആ കുഞ്ഞിത്തലക്കകത്തേക്ക്  വിദ്യാഭ്യാസം പരമാവധി കുത്തിനിറക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.കുബുദ്ധിയുടെ ആ കുഞ്ഞിത്തല വിദ്യാഭ്യാസത്തെ എങ്ങനെയൊക്കെ തന്നിൽനിന്നകറ്റിനിർത്താം എന്നു ചിന്തിച്ചുകൊണ്ടേയിരുന്നു എന്നും.   ചെറുതും വലുതുമായ കൂർത്തമുനയുള്ള പാരകൾ തനിക്കു ചുറ്റും രക്ഷാകവചമായി കുത്തിനിർത്തി വിദ്യാഭ്യാസപുലികളേ അവൾ പരമാവധി അകറ്റി നിർത്തി -വിദ്യാഭ്യാസം തോറ്റു അവൾ ജയിച്ചു.
        കൈകാലിട്ടടിച്ചും നിലത്തുരുണ്ടും അലറിപ്പേടിപ്പിച്ചും പാരപണിഞ്ഞും വിദ്യാലക്ഷ്മിയെ അകറ്റിനിർത്തുമ്പോൾ അവളറിഞ്ഞിരുന്നില്ല അക്ഷരങ്ങളുടേയും അറിവിന്റേയും  ഒരു വലിയ സമ്പത്താണ് താൻ നഷ്ടപ്പെടുത്തുന്നതെന്ന്.  ഇന്നു ഭൂലോകത്തിലും ബൂലോകത്തിലും വിദ്യാഭ്യാസവും അക്ഷരജ്ഞാനവും ഉള്ളവർ അനുഭവിക്കുന്ന ആദരവും അംഗീകാരവും പദവിയും സമ്പന്നതയും എല്ലാം കാണുമ്പോൾ അക്ഷരദേവതക്കു പുറംതിരിഞ്ഞുനിന്ന വിജയദശമിദിവസം എല്ലാവർഷവും മുന്നിലെത്തുമ്പോൾ  അവൾ എന്ന ഇവൾ  ഉള്ളിൽ വിങ്ങുന്നു തേങ്ങുന്നു  പൊട്ടിക്കരയുന്നു.
തിരുമധുരം:  അന്നു ഞാൻ എഴുതാൻ വയ്യ എന്നു പറഞ്ഞു വഴക്കുണ്ടാക്കികൊണ്ടിരുന്ന ഇടവേളയിൽ ഒരാൾ ചാടിക്കയറി "ഞാൻ എഴുതാം" എന്നുപറഞ്ഞ്  എഴുത്തിനിരിക്കാൻ പ്രായം ആകുന്നതിനു മുൻപുതന്നെ വിദ്യാദേവതയെ രണ്ടുകൈയും നീട്ടി സ്വീകരിച്ച എന്റെ സഹോദരൻ  Dr.B.രവികുമാർ  ഇത്തവണത്തെ ഫോക്‌ലോർ അക്കദമി അവാർഡ്  (ഗ്രന്ഥരചന) നേടിയപ്പോൾ അവന്റെ സഹോദരിയെങ്കിലും ആകാൻ കഴിഞ്ഞല്ലോ എന്നോർത്ത് ഞാൻ അഭിമാനിക്കുന്നു.
എന്റെ ഈ ചെറിയ പോസ്റ്റ് അവനുവേണ്ടി ഞാൻ സമർപ്പിക്കുന്നു.
 

Monday, October 1, 2012

തിരുശേഷിപ്പുകൾ

       ഓക്ടോബർ ഒന്ന്  വയോജന ദിനം....വയസ്സായവർക്കും ഒരു ദിനം.  മനസ്സാൽ വയസ്സായവർക്കോ ഈ ദിനം? ശരീരത്താൽ വയസ്സായവർക്കോ ഈ ദിനം??  ഇത് വയസ്സായിപ്പോയവർ ഉണ്ടാക്കിയതോ? വയസ്സാവാൻ പോകുന്നവർ ഉണ്ടാക്കിയതോ?ആഘോഷിക്കാൻ ഇങ്ങനെയും ഒരുദിനം. രോഗദിനങ്ങൾ പോലും ആഘോഷമാക്കുന്ന കാലത്ത്  ഈ വയോജനദിനവും ഒരാഘോഷം.   .ഇങ്ങനെ ഒരു ദിനം ആർക്കുവേണ്ടി???? വയോജനദിനാശംസകൾ ആരും ആഗ്രഹിക്കുമെന്നും  ആസ്വദിക്കുമെന്നും തോന്നുന്നില്ല.
                 മരണംപോലെ സത്യമായ വാർദ്ധക്യത്തെ വഴിയിലും വൃദ്ധസദനങ്ങളിലും പുതുതലമുറ ഒഴിവാക്കുന്നു?  മറവിയിലും തളർച്ചയിലും രോഗത്തിലും വലയുന്ന  അമ്മയും അച്ഛനും എന്ന വയോജനത്തെ, ജീവിക്കാനുള്ള പരക്കം പാച്ചിലിൽ അവർക്കു ചുമക്കാൻ കഴിയുന്നില്ല. ഒന്നും ആരുടേയും കുറ്റമല്ല.എത്ര തിരക്കുകൾക്കിടയിലും കണ്ണിലെ കൃഷ്ണമണിപോലെ വീട്ടിലെ വയസ്സായവരെ സംരക്ഷിക്കുന്നവരും ഉണ്ട്. ആ നന്മമനസ്സുകളേ നമിക്കുന്നു.


                                   


പറയാനും  പങ്കുവയ്ക്കാനും പകർന്നുകൊടുക്കാനും ഒരുപാട് സ്നേഹത്തോടൊപ്പം ജീവിതാനുഭവങ്ങളുമായി , പുതുതലമുറയെ കാത്തിരിക്കുന്ന ആർക്കും വേണ്ടാത്ത    വൃദ്ധതലമുറ.............
ന്യായം ആരുടെഭാഗത്തായാലും, എന്തിന്റെ പേരിലായാലും  നമ്മൾ   ഉപയോഗിക്കുന്ന "പൊട്ടച്ചട്ടി" നമുക്കായി നമ്മുടെ മക്കളും കരുതും. നന്മയുടെ, സ്നേഹത്തിന്റെ, അറിവിന്റെ, ജീവിതാനുഭവങ്ങളുടെ, തിരുശേഷിപ്പുകളുമായി  തെരുവുകളിലും വൃദ്ധസദനങ്ങളിലും സ്വന്തം വീടിനുള്ളിലും അവഗണിക്കപ്പെടുന്ന  വാർദ്ധക്യമെന്ന സത്യത്തെ വയോജനദിനം എന്ന ആ ഒരു ദിവസമെങ്കിലും  വരുംകാലവയോജനങ്ങൾ ഒന്നോർത്തിരുന്നങ്കിൽ...........................